അഞ്ചല്‍: ഏരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പഴയേരൂരില് വീട്ടില്‍നിന്നു പട്ടാപ്പകല്‍ താലിയും മാലയും ഉള്‍പ്പെടുന്ന സ്വര്‍ണാഭരണവും നാല്‍പ്പതിനായിരത്തോളം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്.
കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ മോഷണം പോയ പണവും ആഭരണവും വീടിന് സമീപത്തെ കുറ്റിക്കാട്ടിലെ കുളത്തില്‍നിന്നു കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കണ്ടെത്തി.
ഞായറാഴ്ച വൈകുന്നേ രത്തോടെയാണ് പഴയേരൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ വയോധികരായ വിജയന് - കാര്‍ത്തിക ദമ്പതികളുടെ വീട്ടില്‍ കവര്‍ച്ച നടന്ന വിവരം പുറത്തറിയുന്നത്. വൈകുന്നേരം അഞ്ചിനും ആറിനുമിടയിലായിരുന്നു കവര്‍ച്ച. ഈസമയം വിജയന് കടയിലേക്കും കാര്‍ത്തിക കുളിക്കുന്നതിനുമായി പോയിരുന്നു.
കേസില്‍ പരാതിക്കാരുടെ മൊഴിയുള്‍പ്പടെ രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ഊര്ജിതമാക്കവെയാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കവര്‍ച്ച ചെയ്ത പണവും ആഭരണവും വീടിന് നൂറുമീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ കുളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ബന്ധുക്കള്‍ തന്നെ കണ്ടെത്തിയത്. പണവും ആഭരണവും തിരികെ കിട്ടിയതോടെ ഇനി പരാതി ഇല്ലന്ന നിലപാടിലാണ് വീട്ടുകാര്‍.
അതേസമയം, പോലീസ് അന്വേഷണത്തില്‍ വീടിനെ കുറിച്ച് കൃത്യമായി അറിയുന്ന ഒരാളാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലേക്ക് എത്തുകയും പ്രതി പിടിയിലാകുമെന്നും ഉറപ്പായതോടെ കവര്‍ച്ചാ മുതലുകള്‍ കവര്‍ച്ച നടത്തിയാള്തന്നെ അവിടെ കൊണ്ട് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.